കൊഴിഞ്ഞാമ്പാറ: താലൂക്കിൽ വഴിയോര തട്ടുകടകളിലും ഗ്രാമീണ ചായക്കടകളിലും വ്യാജ ചായപ്പൊടി ഉപയോഗം കൂടിവരുന്നത് തടയാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യം. തമിഴ്നാട്ടിൽ നിന്നും ഇരുചക്ര വാഹനങ്ങളിലും ബസ് ഉൾപ്പെടെ വാഹനങ്ങളിൽ വിവിധ വ്യാപാരത്തിനു വരുന്നവരാണ് ചായപ്പൊടി എത്തിക്കുന്നത്.
പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞാണ് കൊണ്ടുവരുന്നത്. കിലോയ്ക്ക് 100 രൂപയാണ് ഈടാക്കുന്നത്. മാരകരോഗങ്ങൾ വരെ ഉണ്ടാവാൻ സാധ്യതയുള്ള നിറങ്ങളും ചേരുവകളുമാണ് വ്യാജനിൽ കലർത്തുന്നത്. ചായക്ക് കൂടുതൽ കടുപ്പം തോന്നിക്കുമെങ്കിലും ഇത് കൃത്രിമനിറം ചേർത്തതു മൂലമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്പ് കണ്ടെത്തിയിരുന്നു. മുൻകൂറായി അറിയിച്ചാൽ സൽക്കാര ആവശ്യങ്ങൾക്ക് ചായ ഉണ്ടാക്കാൻ ആവശ്യത്തിന് ചായപ്പൊടി എത്തിച്ചുനൽകും. കൂടുതൽ വാങ്ങുന്നവർക്ക് വിലയിൽ 10 രൂപ കുറവു വരുത്താറുണ്ട്. കഴിഞ്ഞവർഷം അതിർത്തി പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതർ തട്ടുകടകളിൽ പരിശോധന നടത്തി കൃത്രിമ ചായപ്പൊടി പിടികൂടിയ സംഭവം നടന്നിരുന്നു. ഇതിനുശേഷം നിലച്ച വ്യാജചായപ്പൊടി കച്ചവടം വീണ്ടും തുടങ്ങിയിരിക്കുകയാണ്.
വയസായ സ്ത്രീകളുടെ കൈവശം സഞ്ചിയിലാക്കി ബസുകളിലും ചായപ്പൊടി അതിർത്തി കടത്തികൊണ്ടു വരാറുണ്ട്. പല തട്ടുകടക്കാരും കമ്പനി ചായപ്പൊടി കവറുകളിൽ വ്യാജനെ നിറച്ചാണ് ഉപഭോക്താക്കളെ കമ്പളിപ്പിക്കുന്നത്. സ്ഥിരമായി വ്യാജപൊടി ഉപയോഗിച്ച് ചായകുടിക്കുന്നവർക്ക് തലവേദന മുതലായ രോഗങ്ങൾ അനുഭവപ്പെടുന്നതായും പറയുന്നു.